ലോക ജനസംഖ്യാ ദിനം @ മേവര്‍ക്കല്‍ എല്‍ പി എസ്
World Population Day @ Mevarkal LPS
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര
സഭയുടെ നേതൃത്വത്തില്‍ 1989 മുതല് ഇത് ആചരിച്ചു വരുന്നു. ജനസംഖ്യയ്ക്കും ഒരു പ്രത്യേക
ദിവസം ആചരിക്കേണ്ട കാര്യമുണ്ടോ എന്ന് നിങ്ങളില്‍ പലര്‍ക്കും സംശയമുണ്ടാകാം. കാര്യം
ഉണ്ട്. കാരണം അധികമായാല്‍ അമൃതും വിഷമാണ്. ജനസംഖ്യയുടെ കാര്യവും അതുപോലെയാണ്. ജനസംഖ്യ
വര്‍ദ്ധനവിന്‍റെ ഗുണ-ദോഷങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് നല്‍കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.
ജനസംഖ്യ എന്നത്
കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയിലെ മനുഷ്യരുടെ എണ്ണമാണ്. 2011-ലെ സെന്‍സസ് പ്രകാരം അത്
700 കോടി കവിഞ്ഞിട്ടുണ്ട്. ഒരോ മണിക്കൂറിലും 9000 കുട്ടികള്‍ ഭൂമിയിലേക്ക് പിറന്ന്
വീഴുന്നു എന്നാണ് കണക്ക്. അതായത് ഒരു മിനിറ്റില്‍ 150 കുട്ടികള്‍. ഒരു പക്ഷേ, പ്രകൃതിയിലെ
മറ്റൊരു ജീവിയും ഈ തോതില്‍ അനസ്യൂതം വംശ വര്‍ദ്ധന നടത്തുന്നുണ്ടാകില്ല.
ഈ 700 കോടിയില്
ഏകദേശം 121 കോടിയലധികം ഇന്ത്യക്കാരാണ്. ചൈന മാത്രമേ ഇക്കാര്യത്തില്‍ നമുക്ക് മുന്നിലുള്ളൂ.
ഇന്ത്യാക്കാരേക്കാളും 10 കോടിയിലധികം ചൈനാക്കാര്‍ ലോകത്തുണ്ട്. മൊത്തത്തിലെടുത്താല്‍
ലോക ജനസംഖ്യയുടെ 35 ശതമാനത്തിലധികം ജനങ്ങള്‍ ഇന്ത്യക്കാരും ചൈനക്കാരുമാണ്. 1950-ല്‍,
അതായത് ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍, ഇന്ത്യയുടെ ജനസംഖ്യ 36 കോടിയായിരുന്നു. വെറും
60 കൊല്ലം കൊണ്ട് ആണ് ഇന്ത്യയിലെ ജനസംഖ്യ ഏതാണ്ട് മൂന്നര ഇരട്ടിയായി വര്‍ദ്ധിച്ചത്.
ജനസംഖ്യ വര്ദ്ധിക്കുന്നത്
കൊണ്ട് ഗുണങ്ങളുമുണ്ട്, ദോഷങ്ങളുമുണ്ട്. ഗുണങ്ങളെന്തൊക്കെയാണ്? അധ്വാനിക്കാന്‍ കൂടുതല്‍
പേരുണ്ടാകുന്നു, കൂടുതല്‍ കൂടുതല് ആശയങ്ങള്‍ ഉണ്ടാകുന്നു, പൊതുവായുള്ള വിഭവശേഷി വര്ദ്ധിക്കുന്നു.
ദോഷങ്ങളോ? മനുഷ്യരുടെ എണ്ണം കൂടുന്നതനുസരിച്ച് ഭൂമിയിലെ സ്ഥലം കൂടുന്നില്ല. പ്രകൃതി വിഭവങ്ങളുടെ അളവ് കൂടുന്നില്ല.
മറിച്ച് മലിനീകരണവും പരിസ്ഥിതി നാശവും കൂടുന്നു. ഇവ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഗുണങ്ങള് മിക്കതും
താത്കാലികവും ദോഷങ്ങള്‍ ദീര്ഘ കാലം നിലനില്‍ക്കുന്നതും തിരിച്ചു മാറ്റാന്‍ പറ്റാത്തതുമാണെന്ന്
മനസിലാകും.
ജനിക്കുന്ന
ഓരോ കുട്ടിയും ഒരു പോലെ സ്നേഹിക്കപ്പെടാനും അവര്‍ക്ക് ഒരേ പോലുളള സൗകര്യങ്ങളും പ്രകൃതി
വിഭവങ്ങളും ലഭിക്കുവാനും ജനസംഖ്യ നിയന്ത്രിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്.
No comments:
Post a Comment