Monday, 29 July 2013

മേവർക്കൽ എൽ പി എസിലെ പരിസ്ഥിതി ക്ലബ്‌ ഉദ്ഘാടനം


മേവര്‍ക്കല്‍ സ്കൂളിലെ  പരിസ്ഥിതി ക്ലബ്‌ കഴിഞ്ഞ തിങ്കളാഴ്ച കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. വയലുകളും തോടുകളും നികത്തുന്ന റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും ഭൂഗര്‍ഭ ജലം പോലും ഊറ്റിയെടുക്കുന്ന വെള്ള കമ്പനികളും ഗ്രാമങ്ങളില്‍ പോലും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പരിസ്ഥിതി ക്ലബ്‌ ആരംഭിക്കുന്നത് വഴി കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃക ആകുകയാണെന്ന് അദ്ദേഹം പറഞ്ഞു.


ചടങ്ങിനു മുന്പായി സ്കൂള്‍ മുറ്റത്തെ, കുട്ടികളുടെ വൃക്ഷ മുത്തശ്ശിയായ, നൂറു കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള പ്ലാവിനെ ആദരിക്കുകയുണ്ടായി. മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുവാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്ന്  പ്ലാവിനെചുറ്റും കൂടി നിന്ന്  വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തു.



 

തുടര്‍ച്ചയായി ഏഴാം കൊല്ലവും ശുചിത്വത്തിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം വാങ്ങിയ ആറ്റിങ്ങല്‍ നഗരസഭയുടെ ചെയര്‍പേഴ്സന്‍ ശ്രീമതി എസ്. കുമാരിയെ ചടങ്ങില്‍ വച്ച് ആദരിച്ചു. പരിസ്ഥിതി ക്ലബ്‌ തുടങ്ങിയതിന് കുട്ടികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ച ശ്രീമതി എസ്. കുമാരി, നഗരസഭയ്ക്ക് ലഭിച്ച പുരസ്കാരം ആറ്റിങ്ങലിലെ ജനങ്ങളുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണെന്ന് പറഞ്ഞു. നിശ്ചയദാര്‍ഡ്യത്തോടെ, ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ എന്തും സാധ്യമാകും എന്ന ഉപദേശം കുട്ടികള്‍ക്ക് നല്‍കിയാണ്‌ നഗരസഭ അദ്ധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചത്.

 



ഉദ്ഘാടനത്തിനു മുന്‍പ് പരിസ്ഥിതി ക്ലബിന്റെ ചുമതല ഉള്ള ഷെമീന ടീച്ചര്‍ പരിസ്ഥിതി ക്ലബ് തുടങ്ങാനുള്ള സാഹചര്യവും കഴിഞ്ഞ ഒന്ന് രണ്ട് കൊല്ലമായി സ്കൂളിലെ കുട്ടികള്‍ നടത്തി വരുന്ന പരിസ്ഥിതിപ്രവര്‍ത്തനങ്ങളെയും കുറിച്ച് സവിസ്തരം പറഞ്ഞിരുന്നു. പ്രശസ്ത കവയിത്രി സുഗത കുമാരി ടീച്ചറെ കാണാന്‍ പോയതായിരുന്നു അതില്‍ പ്രധാനം. ടീച്ചറെ സന്ദര്‍ശിച്ചതിനു ശേഷം സ്കൂളിനു സമീപത്തെ ഒരു കുളം വൃത്തിയാക്കണമെന്നുആവശ്യപ്പെട്ട്  കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിവേദനം നല്‍കിയ കാര്യം ടീച്ചര്‍ അനുസ്മരിച്ചു. പരിസ്ഥിതി ക്ലബിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ക്കൊപ്പം തിരഞ്ഞെടുത്ത കുട്ടികള്‍ക്കും വേദി പങ്കിടാന്‍ അവസരം നല്‍കിയതാണ്  ചടങ്ങിന്റെ പ്രത്യേകതയായി  ടീച്ചര്‍ എടുത്തു പറഞ്ഞത്.



 


ചടങ്ങില്‍ വച്ച്  പരിസ്ഥിതിസംരക്ഷണം വിഷയമാക്കി കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ശ്രീമതി എസ്. കുമാരി പ്രകാശനം ചെയ്തു. വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി എം ഷീല കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്തു.


കരവാരം പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി ആര്‍ രാജീവ്‌, വാര്‍ഡ്‌ മെമ്പര്‍ മേവര്‍ക്കല്‍ നാസര്‍, ബി ആര്‍ സി ട്രെയിനര്‍ റാണി ടീച്ചര്‍, എസ് എം സി അംഗം ശ്രീ സി വി നാരായണന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. അയ്യപ്പ പണിക്കരുടെ കാടെവിടെ മക്കളെ എന്ന കവിത ഈണത്തില്‍ ചൊല്ലി  റാണി ടീച്ചര്‍ യോഗത്തിന് കാവ്യഭംഗി നല്‍കിയപ്പോള്‍,  സി വി നാരായണന്‍ നായര്‍ പരിസ്ഥിതിയെ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി നിര്‍വചിച്ചു.

ചടങ്ങിനുഏറ്റവുമധികം ശോഭ നല്‍കിയത് കുട്ടികളുടെ പ്രസംഗങ്ങളും, കവിതാലാപനവും  ചെറു കുറിപ്പുകളുടെ അവതരണവും ആയിരുന്നു.

അഞ്ചാം ക്ലാസിലെ അഭിരാമി പ്രസംഗിക്കുന്നു


അഞ്ചാം ക്ലാസിലെ അപ് സര പ്രസംഗിക്കുന്നു



നാലാം ക്ലാസിലെ ദീപ്തി ദിനേഷ് പ്രസംഗിക്കുന്നു



നാലാം ക്ലാസിലെ ദിയ കവിത ചൊല്ലുന്നു




മൂന്നാം ക്ലാസിലെ ഗോവിന്ദ്  പ്രസംഗിക്കുന്നു


രണ്ടാം ക്ലാസിലെ നീലാഞ്ജന കുറിപ്പ് അവതരിപ്പിക്കുന്നു

Saturday, 27 July 2013

Eco-club inauguration @ Mevarkal LPS - Invitation


The first-ever eco-club in Mevarkal LPS will be inaugurated on July 29, 2013 (this Monday). Sri. K. Subhash, president of Karavaram grama panchayath, will inaugurate the club, which is expected to enhance the students' and people's awareness of environmental issues.

As part of the inauguration of the club, two special events have been planned. The first is to honor Smt.  S. Kumari, chairperson of Attingal municipality, which has bagged the cleanliness award of Kerala government for the seventh consecutive year. The second is to honor the grand old jack-fruit tree at the school compound.

Old-time students will have sweet memories of the tree, as it not only offered shade for the kids who played around but provided leaves as well, which students used to use as a spoon while having lunch (especially for drinking kanjhi). The tree is said to be older than 100 years.

The program notice is attached here. All are welcome.

Sunday, 21 July 2013

Remembering Balamani Amma @ Mevarkal LPS

മലയാള സാഹിത്യത്തില്‍ മാതൃത്വത്തിന്‍റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണി അമ്മയുടെ (1909 ജൂലൈ 19-2004 സെപ്റ്റംബ 29) നൂറ്റി നാലാം ജന്മ വാര്‍ഷികം കഴിഞ്ഞ ദിവസം കടന്നു പോയി. അക്ഷര കേരള തറവാടിലെ മുഴുവന്‍ അംഗങ്ങളോടൊപ്പം മേവര്‍ക്കല്‍ എല്‍ പി എസിലെ കുട്ടികളും ആ അമ്മയുടെ ഓര്‍മ്മയ്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു.



ബാലാമണിയമ്മയുടെ കവിതക
കൂപ്പുകൈ, അമ്മ, കുടുംബിനി, സ്ത്രീഹൃദയം, പ്രഭാങ്കുരം, പ്രണാമം, ലോകാന്തരങ്ങളിൽ, സോപാനം, മഴുവിന്റെ കഥ, നഗരത്തിൽ, അമൃതംഗമയ, മാതൃഹൃദയം

പുരസ്കാരങ്ങ
കേരള സാഹിത്യ അക്കാദമി അവാർഡ് (1964) - ‘മുത്തശ്ശിക്ക്; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1966) - ‘മഴുവിന്റെ കഥയ്ക്ക്; പത്മഭൂഷ (1987); ആശാ പുരസ്കാരം (1991); ലളിതാംബികാ അന്തർജ്ജന പുരസ്കാരം (1993); വള്ളത്തോ പുരസ്കാരം (1993); എഴുത്തച്ഛ പുരസ്കാരം (1995); സരസ്വതീ സമ്മാനം (1996); .വി. കൃഷ്ണവാരിയ പുരസ്കാരം (1997).

(കടപ്പാട് - വിക്കിപ്പീഡിയ)


Sunday, 14 July 2013

World population day @ Mevarkal LPS


ലോക ജനസംഖ്യാ ദിനം @ മേവര്‍ക്കല്‍ എല്‍ പി എസ്
World Population Day @ Mevarkal LPS

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ 1989 മുതല് ഇത് ആചരിച്ചു വരുന്നു. ജനസംഖ്യയ്ക്കും ഒരു പ്രത്യേക ദിവസം ആചരിക്കേണ്ട കാര്യമുണ്ടോ എന്ന് നിങ്ങളില്‍ പലര്‍ക്കും സംശയമുണ്ടാകാം. കാര്യം ഉണ്ട്. കാരണം അധികമായാല്‍ അമൃതും വിഷമാണ്. ജനസംഖ്യയുടെ കാര്യവും അതുപോലെയാണ്. ജനസംഖ്യ വര്‍ദ്ധനവിന്‍റെ ഗുണ-ദോഷങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ്  നല്‍കുന്നതിന്  വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ജനസംഖ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയിലെ മനുഷ്യരുടെ എണ്ണമാണ്. 2011-ലെ സെന്‍സസ് പ്രകാരം അത് 700 കോടി കവിഞ്ഞിട്ടുണ്ട്. ഒരോ മണിക്കൂറിലും 9000 കുട്ടികള്‍‍ ഭൂമിയിലേക്ക് പിറന്ന് വീഴുന്നു എന്നാണ് കണക്ക്. അതായത് ഒരു മിനിറ്റില്‍ 150 കുട്ടികള്‍. ഒരു പക്ഷേ, പ്രകൃതിയിലെ മറ്റൊരു ജീവിയും ഈ തോതില്‍ അനസ്യൂതം വംശ വര്‍ദ്ധന നടത്തുന്നുണ്ടാകില്ല.

ഈ 700 കോടിയില് ഏകദേശം 121 കോടിയലധികം ഇന്ത്യക്കാരാണ്. ചൈന മാത്രമേ ഇക്കാര്യത്തില്‍ നമുക്ക് മുന്നിലുള്ളൂ. ഇന്ത്യാക്കാരേക്കാളും 10 കോടിയിലധികം ചൈനാക്കാര്‍ ലോകത്തുണ്ട്. മൊത്തത്തിലെടുത്താല്‍ ലോക ജനസംഖ്യയുടെ 35 ശതമാനത്തിലധികം ജനങ്ങള്‍ ഇന്ത്യക്കാരും ചൈനക്കാരുമാണ്. 1950-ല്‍, അതായത് ഇന്ത്യ റിപ്പബ്ലിക് ആയപ്പോള്‍, ഇന്ത്യയുടെ ജനസംഖ്യ 36 കോടിയായിരുന്നു. വെറും 60 കൊല്ലം കൊണ്ട് ആണ് ഇന്ത്യയിലെ ജനസംഖ്യ ഏതാണ്ട് മൂന്നര ഇരട്ടിയായി വര്‍ദ്ധിച്ചത്. 

ജനസംഖ്യ വര്ദ്ധിക്കുന്നത് കൊണ്ട് ഗുണങ്ങളുമുണ്ട്, ദോഷങ്ങളുമുണ്ട്. ഗുണങ്ങളെന്തൊക്കെയാണ്? അധ്വാനിക്കാന്‍ കൂടുതല്‍ പേരുണ്ടാകുന്നു, കൂടുതല്‍ കൂടുതല് ആശയങ്ങള്‍ ഉണ്ടാകുന്നു, പൊതുവായുള്ള വിഭവശേഷി വര്ദ്ധിക്കുന്നു. ദോഷങ്ങളോ? മനുഷ്യരുടെ എണ്ണം കൂടുന്നതനുസരിച്ച് ഭൂമിയിലെ സ്ഥലം  കൂടുന്നില്ല. പ്രകൃതി വിഭവങ്ങളുടെ അളവ് കൂടുന്നില്ല. മറിച്ച് മലിനീകരണവും പരിസ്ഥിതി നാശവും കൂടുന്നു.  ഇവ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഗുണങ്ങള് മിക്കതും താത്കാലികവും ദോഷങ്ങള്‍ ദീര്ഘ കാലം നിലനില്‍ക്കുന്നതും തിരിച്ചു മാറ്റാന്‍ പറ്റാത്തതുമാണെന്ന് മനസിലാകും.

ജനിക്കുന്ന ഓരോ കുട്ടിയും ഒരു പോലെ സ്നേഹിക്കപ്പെടാനും അവര്‍ക്ക് ഒരേ പോലുളള സൗകര്യങ്ങളും പ്രകൃതി വിഭവങ്ങളും ലഭിക്കുവാനും ജനസംഖ്യ നിയന്ത്രിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്.


Thursday, 4 July 2013

July 5: In memory of Vaikom Muhammad Basheer

വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലിറക്കിയ സ്റ്റാംപ്
മലയാള സാഹിത്യത്തിലെ സുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പത്തൊന്‍പതാം ചരമവാര്‍ഷികം ആണ് ഇന്ന്. 1908 ജനുവരി 21-ന് ജനിച്ച അദ്ദേഹം 1994 ജൂലൈ 5-നാണ് നമ്മെ വിട്ടു പിരിഞ്ഞത്. ഒന്നും ഒന്നും വലിയ ഒന്നാണെന്നും ഭൂമിയുടെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്നും നമ്മെ പഠിപ്പിച്ച അക്ഷര ലോകത്തെ ആ അപ്പൂപ്പന്‍  ജീവിതത്തെയും മരണത്തെയും  കുറിച്ച് ഇങ്ങിനെ ചോദിച്ചിട്ടുണ്ട്: "ജീവിച്ചു, മരിച്ചു, ഒക്കെ ശരി, ചെയ്ത അദ്ഭുതമെന്ത്?"

അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ നമിച്ചു കൊണ്ട്, നല്ല ബഡുക്കൂസുകളായി, ജീവിതത്തിന്റെ അദ്ഭുതങ്ങളും നന്മകളും തേടിയുള്ള നമ്മുടെ യാത്ര തുടരാം.