Wednesday 6 December 2017

പുസ്തക വിശേഷം

ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായന എന്ന പത്ര വാര്‍ത്ത കണ്ട് ഒരാള്‍ പുസ്തകം തരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു എന്നാണ് പ്രേമചന്ദ്രന്‍ സാര്‍ പറഞ്ഞത്. ആളിന്റെ വീട് ശ്രീകാര്യത്ത് ആണെന്നും അവിടെ പോയി പുസ്തകങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആ പത്ര വാര്‍ത്ത ഞാനും കണ്ടിരുന്നു. അതില്‍ മേവര്‍ക്കല്‍ സ്കൂളിലെ കുട്ടികള്‍ വായനയില്‍ കാണിക്കുന്ന മികവിനെ പറ്റിയും ലൈബ്രറി കെട്ടിടം പണിയുന്നതിനെ പറ്റിയും ഒക്കെ എഴുതിയിരുന്നു.

അങ്ങിനെ ആണ് ഞാനും ഹെഡ് മിസ്ട്രെസ്സ് ഷീജ ടീച്ചറും പ്രേമചന്ദ്രന്‍ സാറും എസ് എം സി കണ്‍വീനര്‍ ശ്രീ സുരേഷ് ബാബുവും കൂടി പുസ്തകം സ്വീകരിക്കാന്‍ പോയത്. പഴയ കുറച്ചു അരികും മൂലയും പോയ കുട്ടികളുടെ പുസ്തകങ്ങള്‍, ആരെങ്കിലും നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ച അജ്ഞാതമായ ചില പുസ്തകങ്ങള്‍, പിന്നെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി വങ്ങേണ്ടി വന്ന കുറച്ചു പുസ്തകങ്ങള്‍ -- ഇതൊക്കെ ആയിരിക്കും. സാധാരണ അങ്ങിനെ ആണ് കണ്ടു വരുന്നത്. എന്ത് തരം പുസ്തകങ്ങള്‍ ആയാലും അത് തരുന്നത് തന്നെ വലിയ മനസാണ്.

യാത്രക്കിടയില്‍ ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ ആണ് വീട്. കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ന്യൂസീലാണ്ടും തമ്മിലുള്ള റ്റി-20 മത്സരം നടന്ന ദിവസം ആയിരുന്നു അത്. റോഡില്‍ ചിലയിടങ്ങളില്‍ ബ്ലോക്കായിരുന്നു. ഇന്ത്യന്‍ പതാകയും പറത്തി മുഖത്ത് ത്രിവര്‍ണവും തേച്ച് ക്രിക്കറ്റ് പ്രേമികള്‍ അഭയാര്‍ഥികളെ പോലെ റോഡ്‌ വക്കത്തു കൂടി മാനത്ത് നോക്കി നടക്കുന്നു.

ഒരു വിധത്തില്‍ ചെമ്പഴന്തി റോഡില്‍ കയറി വഴി പറഞ്ഞുതന്ന സ്ഥലത്തെത്തി. അവിടെ വഴി വക്കില്‍ അദ്ദേഹം കാത്തു നില്‍ക്കുന്നു.




പരിചയപെടുത്തലുകള്‍ക്കു ശേഷം അദ്ദേഹം പെട്ടന്ന് തന്നെ വീട്ടിലെക്കാനയിച്ചു. എം. കെ. മോഹനന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. സംസ്ഥാന ട്രെഷറി വകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ആയി വിരമിച്ചു.


സ്വീകരണ മുറിയില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം തന്റെ പുസ്തക ശേഖരം കാണിച്ചു. ആറടി പൊക്കമുള്ള ഒരു അലമാര നിറയെ പുസ്തകങ്ങള്‍. അടുത്ത് ചെന്ന് പരിശോധിച്ചപ്പോള്‍ ഏതാണ്ട് എല്ലാം തന്നെ മികച്ച പുസ്തകങ്ങള്‍ ആണ്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രമുഖ എഴുത്തുകാരുടെ ഏറ്റവും മികച്ച രചനകള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ പുസ്തകം ആയിരിക്കും സ്കൂളിലേക്ക് തരുന്നത് എന്ന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്:

"ഈ പുസ്തകങ്ങള്‍ എല്ലാം നിങ്ങളുടെ സ്കൂളിനുള്ളതാണ്".

ഞങ്ങള്‍ നാല് പേരും വിശ്വാസം വരാതെ അദ്ദേഹത്തെ വീണ്ടു നോക്കി. അദ്ദേഹം തുടര്‍ന്നു.

"വായിക്കാത്ത ആളുകളുടെ കയ്യില്‍ ഈ പുസ്തകങ്ങള്‍ വെറും മൃത വസ്തുക്കള്‍ ആണ്. പുസ്തകങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് അത് വായിക്കുന്നവരുടെ കയ്യില്‍ കിട്ടുമ്പോഴാണ്. ഈ പുസ്തകങ്ങള്‍ എക്കാലവും ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം."

അദ്ഭുതപെട്ടു നിന്ന അടുത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടതിനെ പറ്റിയും കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കേണ്ടുന്നതിനെ പറ്റിയും അദ്ദേഹം വളരെ ആവേശപൂര്‍വ്വം സംസാരിച്ചു. ദേശാഭിമാനിയിലും മറ്റു ആനുകാലികങ്ങളിലും മുന്‍പ് എഴുതുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അലമാര ഉള്‍പ്പെടെ പുസ്തകങ്ങള്‍ എടുത്തു കൊള്ളുവാന്‍ ആണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ പോയ മാരുതി 800-ല്‍ അലമാരയ്ക്ക് കൂടി സ്ഥലം ഇല്ലാത്തതിനാല്‍ പുസ്തകങ്ങള്‍ മാത്രം കാറില്‍ എടുത്തു വച്ചു. മൊത്തം 279 പുസ്തകങ്ങള്‍ ഉണ്ട്:


  • കുഞ്ഞുണ്ണി മാഷിന്‍റെ കവിതാ സമാഹാരങ്ങള്‍
  • മാലിയുടെ കഥാ പുസ്തകങ്ങള്‍ 
  • എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട്
  • സര്‍വ വിജ്ഞാന കോശം
  • ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും -- കോളറക്കാലത്തെ പ്രണയത്തിന്റെയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെയും മലയാള പരിഭാഷ ഉള്‍പ്പെടെ
  • ജോസ് സരമാഗോയുടെ ബ്ലൈന്‍ഡ്‌നെസ്സ്
  • എം ടിയുടെയും മാധവിക്കുട്ടിയുടെയും സേതുവിന്റെയും എം മുകുന്ദന്റെയും സക്കറിയയുടെയും പ്രധാനപ്പെട്ട കൃതികള്‍
  • എം സുകുമാരന്റെ ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതുള്‍പ്പെടെ ഉള്ള കൃതികള്‍
  • പക്ഷികളെ പറ്റിയും മൃഗങ്ങളെ പറ്റിയും ലോക രാജ്യങ്ങളെ പറ്റിയും ഉള്ള സചിത്ര പുസ്തകങ്ങള്‍.
മൊത്തം എഴുതിയാല്‍ ഈ 279 പുസ്തകങ്ങളുടെ പേരും എഴുതേണ്ടി വരും. എല്ലാം ഒന്നിനൊന്ന്‍ മെച്ചം ആയ പുസ്തകങ്ങള്‍ ആണ്.

അനന്യമായ നന്മയുടെ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയ പ്രതീതി ആയിരുന്നു തിരികെ വരുമ്പോള്‍. ശ്രീകാര്യത്തെ ബ്ലോക്കും ക്രിക്കറ്റ് കളി കാണാന്‍ വന്നവരുടെ ആരവങ്ങളും ഒന്നും ഞങ്ങളെ ബാധിച്ചില്ല.

മനുഷ്യര്‍ക്ക്‌ മനുഷ്യരുടേതായ ഔന്നത്യം നേടാന്‍ ഈ കാലഘട്ടത്തിലും കഴിയും എന്ന തിരിച്ചറിവോടെ, മേവര്‍ക്കല്‍ സ്കൂളിന്റെ ലൈബ്രറിയെ ഇനി ഈ പുസ്തക രത്നങ്ങളും അലങ്കരിക്കും എന്ന സന്തോഷത്തോടെ, ശ്രീ എം. കെ. മോഹനന്‍റെ സുമനസിനെ, അദ്ദേഹത്തിന്‍റെ കലര്‍പ്പില്ലാത്ത ജ്ഞാനത്തെ, നമസ്കരിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

                                                                                                                       നിജി എന്‍ ജി.
                                                                               (പൂര്‍വ വിദ്യാര്‍ഥി, എസ് എം സി അംഗം)