Sunday 17 August 2014

Independence Day Celebrations @ Mevarkal LPS

മേവര്‍ക്കല്‍ സ്കൂളില്‍ ഇന്ത്യയുടെ അറുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. താഴെ പറയുന്നവയായിരുന്നു കാര്യപരിപാടികള്‍:

1. പതാക ഉയര്‍ത്തല്‍
2. ഡസ്ക് സമര്‍പ്പണം
3. സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം
4. കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം
5. ക്വിസ് മത്സരം
6. മലയാളം പ്രസംഗ മത്സരം
7. പായസ വിതരണം

പതാക ഉയര്‍ത്തല്‍

രാവിലെ 8.30-ന് തന്നെ കുട്ടികള്‍ എത്തിതുടങ്ങി. തലേ ദിവസം തന്നെ സ്കൂള്‍ മുറ്റം വര്‍ണ്ണകടലാസ് കൊണ്ട്അലങ്കരിച്ചിരുന്നു.  രാവിലെ ഒന്‍പതു മണിക്ക് കുട്ടികളുടെ  "പൊങ്ങുക പൊങ്ങുക  പൊന്‍കൊടിയെ" എന്ന ഗാനത്തിന്റെ അകമ്പടിയോടു കൂടി എസ് എം സി ചെയര്‍മാന്‍ ശ്രീ രവി ലാല്‍ ദേശീയ പതാക ഉയര്‍ത്തി.





ഡസ്ക് സമര്‍പ്പണം

കരവാരം പഞ്ചായത്ത് വകയായി സ്കൂളിനു 10 ഡസ്കുകള്‍ ലഭിച്ചിരുന്നു. ഇത് പക്ഷെ രണ്ടു ക്ലാസ്സുകള്‍ക്കു മാത്രമേ ഉപയോഗിക്കുവാന്‍ തികഞ്ഞിരുന്നുള്ളൂ - അഞ്ചാം ക്ലാസിനും നാലാം ക്ലാസിനും.

രണ്ടാം ക്ലാസിനും മൂന്നാം ക്ലാസിനും കൂടി ഡസ്കുകള്‍ ആവശ്യമാണ്‌. ഈ ആവശ്യം പറഞ്ഞു ചില സുമനസുകളെ സമീപിച്ചപ്പോള്‍ അവര്‍ സന്തോഷ പൂര്‍വ്വം ഇതിനു സംഭാവന നല്‍കുകയായിരുന്നു,

ദുബായില്‍ ബിസിനസ്‌ ചെയ്യുന്ന ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ മനീഷ് മധുസൂദനന്‍ അഞ്ച് ഡസ്കുകള്‍ സംഭാവന നല്‍കി. നെതെര്‍ലാണ്ട്സില്‍ എഞ്ചിനീയര്‍ ആയ പാലംകോണം സ്വദേശി ശ്രീ ബിജു പവിത്രന്‍, ഖത്തറില്‍ ബിസിനസ്‌ എക്സിക്യൂട്ടീവ് ആയ വെള്ളം കൊള്ളി സ്വദേശി ശ്രീ മനു ഭാസി, കിളിമാനൂര്‍ സഞ്ജു ട്രാവെല്‍സ് ഉടമ ശ്രീ സഞ്ജു അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ഡസ്കുകളും സംഭാവന നല്‍കി.



കരവാരം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശ്രീ രാജീവ്‌ ഡസ്കുകള്‍ സ്കൂള്‍ ഹെഡ്മാസ്റര്‍ക്ക് നല്‍കിക്കൊണ്ട് ഇതിന്റെ സമര്‍പ്പണം നിര്‍വഹിച്ചു.

സ്വാതന്ത്ര്യ ദിന പതിപ്പ് പ്രകാശനം
 
മേവര്‍ക്കല്‍ സ്കൂളില്‍ കുട്ടികള്‍ എല്ലവരും കൂടി ചേര്‍ന്ന് ഒരു സ്വാതന്ത്ര്യ ദിനപതിപ്പ് കയ്യെഴുത്ത് മാസികയുടെ രൂപത്തില്‍ തയ്യാറാക്കിയിരുന്നു. 'സ്വാതന്ത്ര്യ പുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ പതിപ്പില്‍ കുട്ടികളുടെ ചെറു കുറിപ്പുകള്‍ക്കും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിരവധി അവിസ്മരണീയമായ എടുകള്‍ക്കും പുറമേ, കുട്ടികള്‍ വരച്ച ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും എടുത്ത നിരവധി ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങളും ഉള്കൊള്ളിച്ചിരുന്നു.




കരവാരം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശ്രീ രാജീവ്‌  പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ആള്‍ക്കാരുടെ നിസ്വാര്‍ത്ഥമായ സമരത്തിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം

തുടര്‍ന്നായിരുന്നു അന്നത്തെ ഏറ്റവും ആകര്‍ഷകമായ ഐറ്റം: കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം. മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്ന് 12 പേര്‍ നല്ല സ്ഫുടമായി ഇംഗ്ലീഷില്‍ പ്രസംഗിച്ചു.





ക്വിസ് മത്സരം

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ ക്വിസ് മത്സരമായിരുന്നു നടത്തിയത്. എല്ലാ കുട്ടികളെയും ചേര്‍ത്ത് 10 ചോദ്യമുള്ള ഒരു സ്ക്രീനിംഗ് റൌണ്ട് നടത്തിയിട്ട് അതില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ 10 പേരെ തിരഞ്ഞെടുത്തിട്ട്, അവരെ മൂന്ന് ടീം ആയി തിരിച്ചായിരുന്നു  ക്വിസ് മത്സരം നടത്തിയത്.

ആവേശകരമായ മത്സരം ആയിരുന്നു. മൂന്ന് ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിന്റെ  അവസാനം അഞ്ചാം ക്ലാസിലെ ദിയ നയിച്ച ടീം ഒരു പോയിന്റ്‌ വ്യത്യാസത്തില്‍ വിജയിച്ചു. ശ്രീ ഷിബു ലാല്‍, ശ്രീ സഞ്ജു എന്നിവരായിരുന്നു ക്വിസ് മത്സരം നയിച്ചത്.



മലയാളം പ്രസംഗ മത്സരം

മലയാളം പ്രസംഗ മത്സരത്തില്‍ ആറു കുട്ടികള്‍ പങ്കെടുത്തു. സ്വാതന്ത്ര്യ സമരം എന്ന വിഷയത്തിലായിരുന്നു പ്രസംഗിക്കേണ്ടിയിരുന്നത്. അഞ്ചാം ക്ലാസിലെ ദിയ ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസിലെ സിദ്ധാര്‍ത്ഥ് രണ്ടാം സ്ഥാനവും നേടി.

പായസ വിതരണം

പരിപാടികളെല്ലാം അവസാനിച്ചപ്പോള്‍ ഉച്ചയ്ക്ക് 12.30 ആയിരുന്നു. അപ്പോഴേക്കും പാചകപ്പുരയില്‍ പാല്‍പ്പായസം തയ്യാറായിരുന്നു. സ്വാതന്ത്ര്യത്തിന്റെ മധുരം പാല്‍പ്പായസത്തിലൂടെ നുകര്‍ന്നിട്ട്  എല്ലാവരും തിരികെ പോയി.